ബേൺ: ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പാക്കാൻ നടത്തിയ ജനഹിതപരിശോധന സ്വിറ്റ്സർലൻഡ് ജനത തള്ളി.
രാജ്യത്തെ സ്ഥിരതാമസക്കാരായ ജനങ്ങളുടെ എണ്ണം ഒരു കോടിയായി പരിമിതപ്പെടുത്തണമെന്ന നിർദേശത്തിന്മേലാണു ജനഹിതപരിശോധന നടന്നത്. ഭവനനിർമാണം, പൊതുസേവനങ്ങൾ, പരിസ്ഥിതി എന്നിവയിലെ സമ്മർദം ലഘൂകരിക്കാനാണ് പുതിയ നിയമം ലക്ഷ്യം വയ്ക്കുന്നതെന്നാണ് വലതുപക്ഷ സ്വിസ് പീപ്പിൾസ് പാർട്ടി പറയുന്നത്. എന്നാൽ കുടിയേറ്റ വിരുദ്ധ നീക്കമാണ് ഇതിനുപിന്നിലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
ആശുപത്രികൾ, ഹോട്ടലുകൾ തുടങ്ങിയ മേഖലകളിൽ ജീവനക്കാരുടെ കുറവുണ്ടാകുമെന്നും യൂറോപ്യൻ യൂണിയനുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാകുമെന്നും യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെടുമെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. 2002 മുതൽ സ്വിറ്റ്സർലൻഡിന്റെ ജനസംഖ്യ അതിവേഗം വളരുകയാണ്.
2002ൽ ജനസംഖ്യ 73 ലക്ഷമായിരുന്നു. ഇപ്പോഴത് 91 ലക്ഷമായി. ഇതിൽ 27 ശതമാനം പേരും വിദേശത്തു ജനിച്ചവരാണ്.